ഖത്തർ: ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെ കോർണിഷ് സ്ട്രീറ്റ് അടച്ചിടും

featured GCC News

നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ച വരെ കോർണിഷ് സ്ട്രീറ്റിൽ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെക്കുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2021 ഓഗസ്റ്റ് 6-ന് 12:00am മുതൽ ഓഗസ്റ്റ് 10-ന് 5am വരെയാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഓഗസ്റ്റ് 3-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

കോർണിഷ് സ്ട്രീറ്റ് വിപുലീകരണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഈ ഗതാഗത നിയന്ത്രണങ്ങൾ. ഇതിന്റ ഭാഗമായി കോർണിഷ് സ്ട്രീറ്റ് അടച്ചിടുന്നതിനൊപ്പം, സമീപപ്രദേശങ്ങളിലുള്ള അൽ ബിദ്‌ദാ പാർക്ക്, അൽ ദിവാൻ സ്ട്രീറ്റ്, അൽ റുമൈല, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് എന്നിവിടങ്ങളിലും ഭാഗിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.

ഈ റോഡുകളിൽ കാൽനടക്കാർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതല്ല. എന്നാൽ, ഈ മേഖലയിലെ സഞ്ചാരം സുഗമമാക്കുന്നതിനായി, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ, മെട്രോ ഉൾപ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നതാണ്.

കോർണിഷ് റോഡിലെ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ഉൾപ്പടെ കോർണിഷ് റോഡിലെ താത്‌കാലിക ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന മുഴുവൻ ദിനങ്ങളിലും ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ റെയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൈകീട്ട് 2 മണി മുതൽ രാത്രി 11:59 വരെയാണ് ഓഗസ്റ്റ് 6-ന് ദോഹ മെട്രോ പ്രവർത്തിപ്പിക്കുന്നത്.

Doha Metro stations serving Corniche Area. Image Source: @AshghalQatar

കോർണിഷ് സ്ട്രീറ്റ് പരിസരത്ത് ഏഴ് ദോഹ മെട്രോ സ്റ്റേഷനുകളുടെ സേവനം ലഭ്യമാണ്. QNCC, വെസ്റ്റ് ബേ, കോർണിഷ്, അൽ ബിദ്‌ദാ, സൗഖ് വാഖിഫ്, മഷെയറെബ്, ഖത്തർ നാഷണൽ മ്യൂസിയം എന്നിവയാണിത്.

Public transport bus stations serving Corniche Area. Image Source: @AshghalQatar

ഇതിന് പുറമെ, ദഫ്ന പാർക്ക്, സിറ്റി സെന്റർ, QNCC, ഹോട്ടൽ പാർക്ക്, ദോഹ ഫിഷിങ്ങ് പോർട്ട്, സൗഖ് വാഖിഫ് എന്നിവിടങ്ങളിലെ പൊതു ഗതാഗതത്തിനുള്ള ബസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നതാണ്. ഓരോ 10-15 മിനിറ്റ് ഇടവേളകളിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും, ശനി, ഞായർ ദിനങ്ങളിൽ രാവിലെ 6 മുതൽ രാത്രി 11 വരെയും ബസുകൾ ഉണ്ടായിരിക്കുന്നതാണ്.

Cover Image: @AshghalQatar