യു എ ഇ: റെസിഡൻസി വിസകളിലുള്ളവർക്കനുവദിച്ച പ്രവേശന ഇളവുകൾ സ്വാഗതം ചെയ്ത് ഇന്ത്യൻ എംബസി

GCC News

യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും, വാക്സിനെടുക്കാത്ത ഏതാനം വിഭാഗം പ്രവാസികൾക്കും 2021 ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് തിരികെയെത്താൻ അനുവദിച്ച പ്രവേശന ഇളവുകളെ അബുദാബിയിലെ ഇന്ത്യൻ എംബസി സ്വാഗതം ചെയ്തു.

ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു.

“യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് യു എ ഇ സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് കൊണ്ട് യു എ ഇയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.”, ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

“ഇതിന് പുറമെ, ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്ന വാക്സിനെടുത്തവരും, അല്ലാത്തവരുമായ പ്രവാസികൾക്കും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.”, ഇന്ത്യൻ എംബസി കൂട്ടിച്ചേർത്തു.

“യു എ ഇ റസിഡന്റ് വിസകളിലുള്ള ഇന്ത്യക്കാർക്ക് നല്ല വാർത്തയാണിത്. യാത്രാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചതിന് ഞങ്ങൾ യു എ ഇ അധികൃതർക്ക് നന്ദി രേഖപ്പെടുത്തുന്നു.”, യു എ ഇ അധികൃതരുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം റെസിഡൻസി വിസകളിലുള്ളവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് NCEMA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വിഭാഗങ്ങളിൽപ്പെടുന്നവരെല്ലാം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്സൈറ്റിലൂടെ പ്രവേശനാനുമതി ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട് NCEMA പുറത്തിറക്കിയ അറിയിപ്പിന്റെ സമ്പൂർണ്ണ വിവരങ്ങൾ https://pravasidaily.com/uae-to-allow-stranded-expats-from-countries-including-india-to-return-from-aug-5-21/ എന്ന വിലാസത്തിൽ ലഭ്യമാണ്.

Cover Image: WAM