ഒമാൻ: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 13 മുതൽ ആദ്യ ഡോസ് വാക്സിൻ നൽകും

GCC News

2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു. ഈ പ്രായവിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പാണ് നൽകുന്നത്.

ഓഗസ്റ്റ് 12-ന് രാവിലെയാണ് ആരോഗ്യ വിഭാഗം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മസീറ സ്പോർട്സ് ക്ലബിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.

“പ്രവാസികൾക്ക് ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് മസീറ ഹോസ്പിറ്റൽ അറിയിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച മുതൽ മസീറ സ്പോർട്സ് ക്ലബിലെ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ഈ കുത്തിവെപ്പ് നൽകുന്നത്. വെള്ളിയാഴ്ച്ച മുതൽ രണ്ടാഴ്ച്ച കാലയളവിലാണ് ഈ കേന്ദ്രത്തിൽ നിന്ന് പ്രവാസികൾക്ക് കുത്തിവെപ്പ് നൽകുന്നത്.”, സൗത്ത് ശർഖിയ ഗവർണറേറ്റിലെ ആരോഗ്യ വിഭാഗം അറിയിച്ചു.

“റസിഡന്റ് കാർഡുമായി എത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഈ കുത്തിവെപ്പെടുക്കാവുന്നതാണ്. എല്ലാവരുടെയും സുരക്ഷ മുൻനിർത്തി COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.”, അധികൃതർ കൂട്ടിച്ചേർത്തു.