അബുദാബി: പ്രവാസികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി

featured GCC News

പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓഗസ്റ്റ് 12, വ്യാഴാഴ്‌ച്ചയാണ്‌ എംബസി ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്ക്, ഇനിമുതൽ ഇതിനായി യു എ ഇ പോലീസിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രവാസികൾക്ക് നിലവിലെ സാഹചര്യത്തിൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, ഇത്തരം അപേക്ഷകളോടൊപ്പം നൽകേണ്ടിയിരുന്ന യു എ ഇ പോലീസിൽ നിന്നുള്ള PCC ഒഴിവാക്കിയതായാണ് എംബസി അറിയിച്ചിട്ടുള്ളത്.

ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാകുന്ന ഇന്ത്യക്കാർക്ക് BLS International സേവനകേന്ദ്രത്തിലെത്തി ഇതിനായുള്ള അപേക്ഷകൾ നൽകാവുന്നതാണെന്നും, ഇതിനായി യു എ ഇ പോലീസിൽ നിന്നുള്ള PCC ആവശ്യമില്ലെന്നും എംബസി കൂട്ടിച്ചേർത്തു. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സമയം, പണം എന്നിവ ലാഭിക്കുന്നതിനായാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

https://indembassyuae.gov.in/pdf/ADVISORY%20REGARDING%20POLICE%20CLEARANCE%20CERTIFICATE-12-08-2021.pdf എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.