പുതിയ അധ്യയന വർഷത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയും, ഓൺലൈൻ പഠന രീതിയും ഇടകലർത്തിയിട്ടുള്ള സമ്മിശ്ര പഠന സമ്പ്രദായം തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് 29 മുതൽ വിദ്യാലയങ്ങളുടെ പ്രവർത്തനം ഈ രീതിയിൽ നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
2021-2022 അധ്യയന വർഷത്തിൽ, രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും ശരാശരി 50 ശതമാനം കുട്ടികൾ ദിനവും മാറി മാറി സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ സമ്മിശ്ര പഠന സമ്പ്രദായം തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ഓഗസ്റ്റ് 17-ന് ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി HE ഡോ. മുഹമ്മദ് ബിൻ അബ്ദുൽവാഹീദ് അൽ ഹമ്മാദി വ്യക്തമാക്കി. ഇതിന് പുറമെ, രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകളെല്ലാം പുതിയ അധ്യയന വർഷത്തിലും തുടരാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാലയങ്ങളിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു:
- ഗ്രേഡ് 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവർ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്ന മുഴുവൻ സമയവും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
- ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ പരമാവധി 15 പേരടങ്ങിയ ചെറു സംഘങ്ങളായി തിരിക്കുന്നതാണ്. കുട്ടികൾക്കിടയിൽ ചുരുങ്ങിയത് 1.5 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും ക്ലാസുകൾ.
- സ്കൂൾ ബസുകളുടെ ശേഷിയുടെ പരമാവധി 50 ശതമാനം വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.
- ക്ലാസ്സ്മുറികളിൽ ബബിൾ സംവിധാനം ഉറപ്പാക്കും. വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതും, തിരികെ അയക്കുന്നതും തിരക്കൊഴിവാക്കുന്ന രീതിയിലായിരിക്കും.
- വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കും.
- ഇടവേളകളിൽ കുട്ടികൾക്ക് പുറത്ത് പോകുന്നതിന് അനുമതിയുണ്ടായിരിക്കില്ല. കുട്ടികൾ തങ്ങളുടെ ക്ലാസുകളിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കേണ്ടതാണ്.
- അസംബ്ലി, സ്കൂളിൽ നിന്നുള്ള യാത്രകൾ, ക്യാമ്പ്, ആഘോഷങ്ങൾ എന്നിവ അനുവദിക്കില്ല.
- കുട്ടികളുടെ പരീക്ഷകൾ വിദ്യാലയങ്ങളിൽ വെച്ച് നടത്തുന്നതാണ്.