സൗദി: വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

GCC News

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കെത്തുന്ന വിദ്യാർത്ഥികൾ തവക്കൽന ആപ്പിലൂടെ തങ്ങളുടെ ആരോഗ്യ സ്റ്റാറ്റസ് തെളിയിക്കണമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക COVID-19 കോൺടാക്ട് ട്രേസിങ്ങ് ആപ്പാണ് തവക്കൽന (Tawakkalna).

സൗദി വിദ്യാഭ്യാസ വകുപ്പ് ഡോ. ഹമദ് അൽ അഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 28-ന് നടന്ന സൗദി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രാദേശിക വിദ്യാഭ്യാസ ഡയറക്ടർമാരുമായുള്ള ഒരു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പ് വരുത്തുകയും, അതിലൂടെ രക്ഷിതാക്കളുടെയും, കുടുംബങ്ങളുടെയും ആരോഗ്യം, സുരക്ഷ, ധൈര്യം എന്നിവ ഉറപ്പ് വരുത്തുകയുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാലയങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ നടപ്പിലാക്കുന്നതും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടർച്ചയായി വിലയിരുത്തുന്നതും വിദ്യാഭ്യാസ ഡയറക്ടർമാരുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മുൻകരുതൽ നടപടികളും, നിബന്ധനകളും കൃത്യമായി പാലിക്കാൻ അദ്ദേഹം രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികളോടും, അധ്യാപകരോടും, രക്ഷിതാക്കളോടും ആഹ്വാനം ചെയ്തു.

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്, പുതിയ അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ ഹാജർ അനുവദിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.