രാജ്യത്ത് സ്പുട്നിക് V COVID-19 വാക്സിൻ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 4-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് സ്പുട്നിക് V COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയാണ് മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ഇതാദ്യമായാണ് സ്പുട്നിക് V COVID-19 വാക്സിന്റെ മൂന്നാമതൊരു ഡോസ് ബൂസ്റ്റർ എന്ന രീതിയിൽ നൽകുന്നതിന് ഔദ്യോഗിക അനുമതി നൽകുന്നതെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫൈസർ ബയോഎൻടെക് വാക്സിന്റെ ബൂസ്റ്റർ ഡോസിനും ബഹ്‌റൈൻ നേരത്തെ അനുമതി നൽകിയിരുന്നു.
റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക് V-ന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം 2021 ഫെബ്രുവരി 10-ന് നൽകിയിരുന്നു. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് V വാക്സിൻ തയ്യാറാക്കിയത്. ഈ വാക്സിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നേരത്തെ യു എ ഇയിൽ നടത്തിയിരുന്നു.
രാജ്യത്ത് COVID-19 രോഗമുക്തരായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 2-ന് അറിയിച്ചിട്ടുണ്ട്.