ബഹ്‌റൈൻ: COVID-19 രോഗമുക്തരായവരുടെ ബൂസ്റ്റർ ഡോസ് വാക്സിൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു

GCC News

രാജ്യത്ത് COVID-19 രോഗമുക്തരായവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 2-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്.

രാജ്യത്തെ COVID-19 സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ തീരുമാന പ്രകാരം, ബഹ്‌റൈനിൽ COVID-19 രോഗമുക്തരായവർക്ക് രോഗം സ്ഥിരീകരിച്ച തീയതി മുതൽ 12 മാസത്തിനു ശേഷമായിരിക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്. മന്ത്രാലയത്തിന്റെ കീഴിലുള്ള വാക്സിനേഷൻ കമ്മിറ്റിയുടെ വിശകലനങ്ങൾക്ക് ശേഷമാണ് വാക്സിനുകൾ സംബന്ധിച്ചും, ബൂസ്റ്റർ ഡോസുകളെക്കുറിച്ചും തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും, ആഗോളതലത്തിലെ COVID-19 സാഹചര്യങ്ങളും, പുരോഗതികളും ഈ കമ്മിറ്റി സമഗ്രമായി വിലയിരുത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.