ഒമാൻ: രാജ്യത്തെ പള്ളികളിൽ നാളെ മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കും

Oman

രാജ്യത്തെ ഏതാണ്ട് മുന്നൂറ്റിയറുപത് പള്ളികളിൽ നാളെ (2021 സെപ്റ്റംബർ 24) മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് അറിയിച്ചു. സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 23-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. ഓൺലൈൻ പോർട്ടലിലൂടെ പെർമിറ്റുകൾ അപേക്ഷിക്കുന്നവർക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഒമാനിൽ ഏതാണ്ട് 360 പള്ളികൾക്കാണ് വെള്ളിയാഴ്ച്ച പ്രാർത്ഥന പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്.

വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായുള്ള ഓൺലൈൻ പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ https://www.mara.gov.om/arabic/jmah_form.aspx എന്ന വിലാസത്തിലൂടെ സമർപ്പിക്കാവുന്നതാണ്. 2020 മാർച്ച് പകുതി മുതൽ ഒമാനിൽ പള്ളികളിൽ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതി നൽകിയിരുന്നില്ല.

സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ നിന്നുള്ള വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് സെപ്റ്റംബർ 19-ന് അറിയിച്ചിരുന്നു. കർശനമായ COVID-19 മുൻകരുതൽ നിബന്ധനകളോടെയാണ് പള്ളികളിൽ പ്രാർത്ഥനകൾ അനുവദിക്കുന്നത്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.