ദുബായ്: രോഗമുക്തി നേടിയശേഷവും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ പരിചരണത്തിനായി DHA പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചു

featured UAE

എമിറേറ്റിലെ രണ്ട് ആരോഗ്യ പരിചണ കേന്ദ്രങ്ങളിൽ പോസ്റ്റ് COVID-19 ക്ലിനിക്കുകൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. രോഗബാധിതരായ ശേഷം നാല് മുതൽ 12 ആഴ്ച്ചകൾക്ക് ശേഷവും രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് (ലോങ്ങ് COVID) പരിചരണം നൽകുന്നതിനായാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

അൽ ബർഷ ഹെൽത്ത് സെന്ററിൽ ചൊവ്വാഴ്ച്ചകളിലും, നാദ് അൽ ഹമ്മർ ഹെൽത്ത് സെന്ററിൽ വ്യാഴാഴ്ച്ചകളിലുമായാണ് ഈ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഈ സേവനങ്ങൾ ഗർഭിണികൾ, ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് ലഭ്യമല്ല.

“രോഗമുക്തരായ ശേഷവും ആഴ്ച്ചകളോളവും, മാസങ്ങളോളവും നിലനിൽക്കുന്ന വിവിധ രോഗലക്ഷണങ്ങൾ തുടരുന്നവർക്ക് ഇത്തരം പോസ്റ്റ് COVID ക്ലിനിക്കുകൾ ആവശ്യമായ പരിചരണം ഉറപ്പാക്കുന്നു. ഇത്തരക്കാരിൽ സമഗ്രമായ പരിശോധനകൾ നടത്തുന്നതിനും, ആവശ്യമായ ടെസ്റ്റുകൾ നടത്തുന്നതിനും, കാർഡിയോളജി, ന്യൂറോളജി, പൾമോണോളജി, മാനസിക ആരോഗ്യ വിഭാഗം തുടങ്ങിയ വിവിധ വിദഗ്‌ദ്ധ വിഭാഗം ഡോക്ടർമാരുടെ ചികിത്സ ആവശ്യമാകുന്ന സാഹചര്യങ്ങളിൽ അവ ഉറപ്പാക്കുന്നതിനും ഈ ക്ലിനിക്കുകൾ ലക്ഷ്യമിടുന്നു. തുടർ ചികിത്സ ആവശ്യമാകുന്ന കാരണങ്ങൾ കണ്ടെത്തുന്നതിനും, രോഗികൾ പൂർണ്ണ രോഗമുക്തി നേടുന്നതിന് ആവശ്യമായ സഹായങ്ങൾ ഉറപ്പ് വരുത്തുന്നതിനും ഇത്തരം പ്രത്യേക ക്ലിനിക്കുകൾ ആവശ്യമാണ്. “, DHA പ്രൈമറി ഹെൽത്ത് കെയർ മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ഹനാൻ അൽ ഹമ്മാദി ഇത്തരം ക്ലിനിക്കുകളുടെ പ്രാധാന്യം വ്യക്തമാക്കി.

ഇത്തരം പോസ്റ്റ് COVID ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് DHA-യുടെ 800 342 എന്ന കാൾ സെന്റർ നമ്പർ ഉപയോഗിച്ച് കൊണ്ട് ഈ ക്ലിനിക്കുകളിൽ നിന്നുള്ള സേവനം തേടാവുന്നതാണ്.