ദുബായ് സഫാരി പാർക്ക് പുതിയ സീസൺ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും

featured UAE

സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് പുതിയ സീസൺ 2021 സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. യു എ ഇയിലെ പ്രാദേശിക, അന്തർദേശീയ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ അടുത്ത ഏതാനം മാസങ്ങളിൽ പ്രതീക്ഷിക്കുന്ന ഗണ്യമായ വർദ്ധനവ് പാർക്കിനെ ഒരു ലോകോത്തര ആകർഷണമായി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നാണ് വിനോദസഞ്ചാര മേഖലയിലെ വിദഗ്ധർ കരുതുന്നത്.

ജിസിസി മേഖലയിലും, ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പിലാക്കിയതും, ദുബായിൽ വെച്ച് നടക്കുന്ന എക്സ്പോ 2020 മേളയും മൂലം എമിറേറ്റിലെ പ്രാദേശിക, അന്തർദേശീയ ടൂറിസത്തിൽ ഗണ്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 2021 ഒക്ടോബറിനും 2022 മാർച്ചിനും ഇടയിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രമായിരിക്കും ദുബായ് എന്ന് വ്യവസായ വിദഗ്ധർ വിശ്വസിക്കുന്നു.

ലോകോത്തര വിനോദ കേന്ദ്രങ്ങൾ സൃഷ്ടിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ പദ്ധതിയുമായി ഒത്തുചേർന്ന്, ദുബായ് സഫാരി പാർക്ക് ആഗോള വിനോദസഞ്ചാരികൾക്കായി ദുബായിയുടെ മൂല്യനിർണ്ണയം സമ്പുഷ്ടമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെ, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണുന്നതിനായി ദുബായ് സഫാരി പാർക്ക് അവസരമൊരുക്കുന്നു.

ഓരോ സീസണിലും, സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്ന രീതിയിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും ആസ്വദിക്കാവുന്ന വിനോദവും, വിജ്ഞാനവും കോർത്തിണക്കിയ നിരവധി കാഴ്ചകളാണ് സഫാരി പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

116 ഹെക്ടറിൽ മനോഹരമാക്കി നിർത്തിയിട്ടുള്ള ദുബായ് സഫാരി പാർക്ക്, അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. സസ്തനികൾ, പക്ഷികൾ, ഉഭയജീവകള്‍ തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. സെപ്റ്റംബർ 27 മുതൽ ആരംഭിക്കുന്ന പുതിയ സീസണിൽ ദുബായ് സഫാരി പാർക്കിലെത്തുന്ന സന്ദർശകർക്ക് സ്ക്വിരൽ മങ്കി, മോന മങ്കി, അറേബ്യൻ വുൾഫ്, നോർത്തേൺ വൈറ്റ് ചീക്ഡ് ഗിബ്ബൺ തുടങ്ങിയ പുതിയ തരം ജീവികളെ കാണാവുന്നതാണ്.

“ദുബായ് സഫാരി പാർക്ക് ലോകത്തിലെ ഏറ്റവും മികച്ച മൃഗങ്ങളുടെ സഫാരി അനുഭവം നൽകുന്നു. മാംസഭുക്കുകൾ, പക്ഷികൾ, ഉരഗങ്ങൾ, പ്രൈമേറ്റുകൾ, ചെറിയ സസ്തനികൾ, വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെ, അവയുടെ സ്വഭാവത്തെയും ആവാസവ്യവസ്ഥയെയും കുറിച്ച് വിശദമായി പഠിക്കാനും പാർക്കിലെത്തുന്ന സന്ദർശകർക്ക് അവസരമുണ്ട്. പാർക്കിന്റെ പുതിയ സീസണിൽ ഷോകൾ, ഇവന്റുകൾ, എക്സിബിഷനുകൾ, പ്രവർത്തനങ്ങൾ എന്നിവയുടെ ആവേശകരമായ നിര ഉണ്ടാകും. സന്ദർശകർക്ക് അതുല്യമായ വിനോദവും വിദ്യാഭ്യാസപരവുമായ അനുഭവങ്ങൾ പാർക്ക് വാഗ്ദാനം ചെയ്യുന്നു.”, ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്സ് ആൻഡ് റിസർവേഷൻ ഫെസിലിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അഹമ്മദ് അൽ സറൂണി വ്യക്തമാക്കി.

WAM