മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക, വാണിജ്യ, വിനോദ പ്രദർശനവും, സാംസ്കാരികവൈവിധ്യം കൊണ്ട് കുടുംബങ്ങളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനവുമായ ഗ്ലോബൽ വില്ലേജിനെ ‘2021-ൽ മിഡിൽ ഈസ്റ്റിലെ മികച്ച കുടുംബ ആകർഷണമായി’ ഇന്റർനാഷണൽ ട്രാവൽ അവാർഡ് 2021 തിരഞ്ഞെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്കും അതിശയകരമായ അനുഭവങ്ങൾ നൽകുന്ന ഈ ലക്ഷ്യസ്ഥാനത്തിന്റെ ട്രാക്ക് റെക്കോർഡിന് അടിവരയിടുന്നതാണ് ഈ നേട്ടം. 2021 ഒക്ടോബർ 26-ന് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കുന്ന അവസരത്തിൽ ഈ അംഗീകാരം ശുഭസൂചന നൽകുന്നതാണ്.
കൊറോണ വൈറസ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഏഴ് മാസം നീണ്ട് നിന്ന കഴിഞ്ഞ സീസണിൽ ഗ്ലോബൽ വില്ലേജ് തങ്ങളുടെ അതിഥികളെ ആനന്ദിപ്പിക്കുന്നതിൽ വിജയിച്ചിരുന്നു. ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസണിൽ 4.5 ദശലക്ഷത്തിലധികം അതിഥികളാണ് ഈ വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം സന്ദർശിച്ചത്.
“ജനങ്ങൾക്ക് സന്തോഷം പകരുക എന്നതാണ് ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. ഞങ്ങൾ സേവിക്കുന്ന അതിഥികൾ തന്നെ ഞങ്ങളെ അംഗീകരിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. ഓരോ അതിഥിയുടെയും ചുണ്ടിൽ പുഞ്ചിരി ഉറപ്പുവരുത്തുന്നതിനായി ഞങ്ങളുടെ മുഴുവൻ അംഗങ്ങളുടെയും കഠിനാധ്വാനവും, പ്രതിബദ്ധതയും കാരണമാണ്. ഈ നേട്ടം ആ കഠിനാധ്വാനത്തിന്റെ ഫലമാണ്. സീസൺ 26-ലെത്തുന്ന അതിഥികൾക്ക് മുൻപിൽ ഗ്ലോബൽ വില്ലേജിന്റെ കവാടങ്ങൾ തുറക്കാൻ ഞങ്ങൾ തയ്യാറെടുക്കുന്ന അവസരത്തിൽ ലഭിക്കുന്ന ഈ അംഗീകാരം ഞങ്ങൾക്ക് അതിയായ സന്തോഷം ഉളവാക്കുന്നു. ഒക്ടോബർ 26 മുതൽ ലോകമെമ്പാടുമുള്ള അതിഥികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ സജ്ജമാണ്. ഇന്റർനാഷണൽ ട്രാവൽ അവാർഡിനും, ഞങ്ങളുടെ ട്രാവൽ ട്രേഡ് പാർട്ണർമാർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു.”, ഗ്ലോബൽ വില്ലേജിലെ മാർക്കറ്റിംഗ് ആൻഡ് ഇവന്റുകളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജാക്കി എല്ലെൻബി വ്യക്തമാക്കി.
രണ്ട് ദശാബ്ദത്തിലേറെയായി, ഗ്ലോബൽ വില്ലേജ്, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നെത്തുന്ന അതിഥികൾക്ക് ലോകോത്തര ആകർഷണങ്ങൾ, അത്യുജ്ജലമായ വിനോദം, വായിൽ വെള്ളമൂറുന്ന ഭക്ഷണവിഭവങ്ങൾ, അതുല്യമായ ഷോപ്പിംഗ് അനുഭവങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 80-ലധികം സംസ്കാരങ്ങളിൽ നിന്നുള്ള ആധികാരികമായ അനുഭവങ്ങൾ ഒരൊറ്റ കുടക്കീഴിൽ അത്ഭുതകരമായി ഒരുക്കുന്നതാണ് ഗ്ലോബൽ വില്ലേജിന്റെ വിജയം.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
WAM