യു എ ഇ വിദേശകാര്യ, അന്തർദേശീയ സഹകരണ വകുപ്പ് മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലുള്ള യു കെ, ഉക്രൈൻ, ഫ്രാൻസ്, തായ്‌ലൻഡ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
“മനസ്സുകളെ ബന്ധിപ്പിക്കുക, അതിലൂടെ ഭാവി സൃഷ്ടിക്കുക” എന്ന ആശയം എക്സ്പോ 2020 അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതായും, ആഗോള പങ്കാളിത്തം വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യങ്ങൾക്കിടയിൽ ഫലപ്രദമായ സഹകരണം വികസിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് എക്സ്പോ 2020 എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലെ യുണൈറ്റഡ് കിംഗ്ഡം പവലിയൻ സന്ദർശിച്ചുകൊണ്ടാണ് ഷെയ്ഖ് അബ്ദുള്ള തന്റെ പര്യടനം ആരംഭിച്ചത്. പരസ്പര സഹകരണം, പങ്കാളിത്തം എന്നിവയിലൂന്നിയ ഭാവിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിന്റെ ഒരു പ്രോജക്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്.
തുടർന്ന് അദ്ദേഹം എക്സ്പോ 2020 വേദിയിലെ ഉക്രൈൻ പവലിയൻ സന്ദർശിച്ചു. “സ്മാർട്ട് ഉക്രെയ്ൻ: കണക്റ്റിംഗ് ഡോട്ടസ്” എന്ന ആശയം ഉൾക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ പവലിയൻ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
കാര്യക്ഷമതയുള്ള ജീവിതം, കാര്യക്ഷമതയുള്ള ചിന്തകൾ, കാര്യക്ഷമതയുള്ള വികാരങ്ങൾ എന്നിങ്ങനെ ഈ പവലിയനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 380 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇ-ബൈക്ക്, ഊർജ്ജം ഉൽപാദിപ്പിക്കുന്ന സോളാർ ബ്ലൈൻഡുകൾ തുടങ്ങി ഈ പവലിയനിൽ ഒരുക്കിയിരിക്കുന്ന കണ്ടുപിടുത്തങ്ങൾ അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞു.
പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം എക്സ്പോ 2020 വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസ് പവലിയൻ സന്ദർശിച്ചു. “ഫ്രാൻസ്, ലൈറ്റ്സ്പീഡ് ഇൻസ്പിരേഷൻ” എന്ന പ്രമേയത്തിലുള്ള ഈ പവലിയൻ പ്രചോദനം, അറിവ്, സർഗ്ഗാത്മകത എന്നിവയുടെ ഉറവിടമായി പ്രകാശത്തെ എടുത്ത് കാട്ടുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
2019-ലെ പുനർനിർമ്മാണ വേളയിലുണ്ടായ തീപ്പിടുത്തത്തിനുശേഷം നോട്രെ-ഡാം കത്തീഡ്രലിന്റെ ഘടന സംരക്ഷിക്കുന്നതിനായി കൈകൊണ്ടിട്ടുള്ള അതിവിപുലമായ നടപടികളെക്കുറിച്ചുള്ള സംവേദനാത്മകമായ അനുഭവ സൃഷ്ടിയായ “നോട്രെ-ഡാം ഡി പാരീസ്, അനുഭവം” ഈ പവലിയന്റെ പ്രത്യേകതയാണ്.
തുടർന്ന് ഷെയ്ഖ് അബ്ദുള്ള തായ്‌ലൻഡ് പവലിയൻ സന്ദർശിച്ചു. മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് തായ്‌ലൻഡ് പവലിയൻ സ്ഥിതി ചെയ്യുന്നത്.
അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി തായ്‌ലൻഡിൽ ഉപയോഗിക്കുന്ന പരമ്പരാഗത പുഷ്പമാലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രീതിയിലാണ് ഈ പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “ഭാവിയിലേക്കുള്ള ചലനാത്മകത” എന്ന ആശയത്തിലൂന്നി ഒരുക്കിയിട്ടുള്ള ഈ പവലിയൻ തായ്‌ലൻഡ് മുന്നോട്ട് വെക്കുന്ന ബിസിനസ്സ് അവസരങ്ങൾ, സൗകര്യപ്രദമായ ജീവിതശൈലി എന്നിവ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നു.
ബെൽജിയം പവലിയനിലാണ് അദ്ദേഹം തന്റെ പര്യടനം അവസാനിപ്പിച്ചത്. 500 ചതുരശ്ര മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ പവലിയൻ എക്സ്പോ 2020 വേദിയിലെ മൊബിലിറ്റി ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്. ബെൽജിയൻ മൊബിലിറ്റി സാങ്കേതികവിദ്യകളും, പുതുമകളും അടുത്തറിയുന്നതിന് ഈ പവലിയൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു.
H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എക്സ്പോ 2020 ദുബായ് വേദിയിലുള്ള ജി സി സി രാജ്യങ്ങളുടെ പവലിയനുകൾ നേരത്തെ സന്ദർശിച്ചിരുന്നു.
WAM