ഒമാൻ: 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നവംബർ 7 മുതൽ നേരിട്ടുള്ള അധ്യയനം നടപ്പിലാക്കും

GCC News

2021 നവംബർ 7, ഞായറാഴ്ച്ച മുതൽ രാജ്യത്തെ 5 തൊട്ട് 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

രാജ്യത്ത് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ‘230/2021’ എന്ന മന്ത്രിസഭാ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിരുന്നു.

ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നവംബർ 7 മുതൽ COVID-19 സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ട് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. വിദ്യാലയങ്ങൾ പൂർണ്ണമായും തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നവരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പ്രത്യേക പരിശോധനകൾ നടപ്പിലാക്കിയിട്ടുണ്ട്.