അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ നവംബർ 25-ന് ആരംഭിക്കും

UAE

എമിറേറ്റിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) അറിയിച്ചു. സാംസ്‌കാരിക തനിമയുടെ ആഘോഷമായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ഡിസംബർ 4 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ വർഷം സംഘടിപ്പിക്കുന്നതെന്ന് DCT അബുദാബി വ്യക്തമാക്കി.

ഏറെ പ്രസിദ്ധമായ അൽ ഹൊസൻ കൾച്ചറൽ സൈറ്റിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ സാംസ്‌കാരിക പൈതൃകം നിലനിർത്തുന്നതിനും, സംരക്ഷിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് DCT അബുദാബി അൽ ഹൊസൻ ഫെസ്റ്റിവൽ ഒരുക്കുന്നത്.

അൽ ഹൊസൻ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി കലാപരിപാടികൾ, കലാ പ്രദർശനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, എമിറേറ്റിലെ തനതായ ഭക്ഷണങ്ങൾ രുചിച്ച് നോക്കുന്നതിനായുള്ള അവസരങ്ങൾ എന്നിവ അരങ്ങേറുന്നതാണ്. യു എ ഇയുടെ ശില്പചാതുരി, പൈതൃകം എന്നിവയുടെ ആഘോഷമാണ് അൽ ഹൊസൻ ഫെസ്റ്റിവൽ. https://abudhabiculture.ae/en/cultural-calendar/festivals-and-heritage/al-hosn-festival എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 2021-ലെ അൽ ഹൊസൻ ഫെസ്റ്റിവൽ 50 ക്ലാസിക് കാറുകൾ പങ്കെടുക്കുന്ന ഒരു പരേഡോടെയാണ് ആരംഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹം, മുതിർന്നവർക്ക് 30 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.