അബുദാബി: വടക്ക് കിഴക്കൻ മേഖലകളിൽ നവംബർ 8 വരെ മഴയ്ക്കും, മൂടൽമഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്

GCC News

അബുദാബിയുടെ വടക്ക് കിഴക്കൻ മേഖലകളിൽ ന്യൂനമർദ്ദത്തെത്തുടർന്ന് മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്ക് കിഴക്കൻ അബുദാബിയിൽ, പ്രത്യേകിച്ച് അൽ ഐൻ, മറ്റു തീരദേശ പ്രദേശങ്ങൾ, ദ്വീപുകൾ തുടങ്ങിയ ഇടങ്ങളിൽ 2021 നവംബർ 8, തിങ്കളാഴ്ച്ച വരെ മഴ, മൂടല്‍മഞ്ഞ്‌ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

നവംബർ 5-ന് വൈകീട്ടാണ് കാലാവസ്ഥാ കേന്ദ്രം ഈ മുന്നറിയിപ്പ് നൽകിയത്. വടക്ക് കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾക്ക് സാധ്യതയുണ്ടെന്നും, ഏതാനം വടക്കന്‍, പടിഞ്ഞാറൻ മേഖലകളിൽ വെള്ളി, ശനി ദിനങ്ങളിൽ മൂടൽ മഞ്ഞ് ഉണ്ടാകാനിടയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഞായർ, തിങ്കൾ ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

മഴ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. റോഡിൽ കാഴ്ച്ച തടസപ്പെടാൻ ഇടയുള്ളതിനാൽ ഡ്രൈവ് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.