രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയക്കിയാതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2021 നവംബർ 14, ഞായറാഴ്ച്ച നടന്ന ഒരു പത്ര സമ്മേളനത്തിലാണ് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് സാദ് അൽ ഹമദ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം പുറത്ത് വിട്ട കണക്കുകൾ പ്രകാരം സൗദി അറേബ്യയിലെ പൊതു മേഖലാ സ്ഥാപനങ്ങളിലെ 95.5 ശതമാനം ജീവനക്കാരും രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടുണ്ട്.
സൗദിയിലെ സ്വകാര്യ മേഖലയിലെ 92.5 ശതമാനം ജീവനക്കാർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിന്റെയും, ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ആദ്യ ഡോസ് വാക്സിനെടുത്തവർ എത്രയും വേഗം രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു. കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ രോഗപ്രതിരോധ ശേഷി നേടുന്നതിന് ഒരു ഡോസ് വാക്സിൻ മതിയാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയവർ കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.