COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടിക പുതുക്കി നിശ്ചയിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിലേക്ക് (എക്സെപ്ഷണൽ റെഡ് ലിസ്റ്റ്) ആറ് ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
2021 നവംബർ 26-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം നിലവിലുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതുക്കിയ പട്ടിക പ്രാബല്യത്തിൽ വന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഈ പട്ടികയിൽ ആകെ 15 രാജ്യങ്ങളാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES_en.pdf എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.
‘ഹൈ റിസ്ക്’ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഖത്തർ നിലവിൽ ബാധകമാക്കിയിട്ടുള്ള പ്രവേശന നിബന്ധനകൾ:
പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:
- ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
- ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനിടയിൽ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ:
- ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
- ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് പ്രവേശനം നൽകുന്നതല്ല.
https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.
ബഹ്‌റൈൻ, യു എ ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രവേശന വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.