COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അനുഭവപ്പെട്ട പ്രതിസന്ധികളിൽ നിന്ന് സൗദി സമ്പദ്വ്യവസ്ഥ ശക്തമായി കരകയറുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അഭിപ്രായപ്പെട്ടു. രാജ്യത്തെ സാമ്പത്തിക രംഗം ശക്തമാകുന്നതിന്റെ സൂചനകൾ ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ്, ഉംറ മേഖലയിലെ വാണിജ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായും, ഈ മേഖലയിലെ നിക്ഷേപകരുമായും നടത്തിയ ഒരു കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാർ, പ്രവാസികൾ, സന്ദർശകർ, തീർത്ഥാടകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മക്ക, മദീന എന്നീ പ്രദേശങ്ങളിലെ സ്വകാര്യ മേഖലയിൽ COVID-19 മഹാമാരി കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ സ്വകാര്യ പ്രവർത്തനങ്ങൾ ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട് നിലക്കുന്നതിനാൽ, മഹാമാരിയുടെ ആദ്യ നാളുകളിൽ യാത്രാ വിലക്കുകളെ തുടർന്ന് തീർത്ഥാടനത്തിൽ തടസം നേരിട്ടത് ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് ഇടയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മഹാമാരിയ്ക്ക് ശേഷം വരുന്ന അനുകൂലമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി സ്വകാര്യമേഖലയും, പൊതുമേഖലയും ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു. ഹജ്ജ്, ഉംറ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതും, തീർത്ഥാടകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതും ഈ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് വളരെ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി മക്ക ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് സംരംഭകത്വം വളർത്തുന്നതിന് സഹായകമായ ഒരു പ്രത്യേക പദ്ധതിയ്ക്ക് ഹജ്ജ്, ഉംറ മന്ത്രലയം രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.