ദുബായ് – അൽ ഐൻ റോഡ് നവീകരണ പദ്ധതിയുടെ കീഴിൽ വീതി കൂട്ടി നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഡിസംബർ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതിയുടെ കീഴിൽ അൽ ഐൻ ഭാഗത്തേക്കുള്ള റോഡിൽ ഏതാനം മേഖലയിൽ മൂന്ന് വരിയിൽ നിന്ന് ആറ് വരി പാതയാക്കി റോഡ് വീതികൂട്ടിയിട്ടുണ്ട്. ബു കദ്ര ജംഗ്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് റോഡ്, ദുബായ് – അൽ -ഐൻ റോഡുമായി ചേരുന്ന ജംഗ്ഷൻ വരെയുള്ള ഭാഗത്തെ 8 കിലോമീറ്റർ ദൂരമാണ് ഇത്തരത്തിൽ വീതികൂട്ടി നവീകരിച്ചിട്ടുള്ളതെന്ന് RTA വ്യക്തമാക്കി.
ഇതോടൊപ്പം അൽ മെയ്ദാൻ റോഡിലേക്കുള്ള ട്രാഫിക്കിനായി രണ്ട് അണ്ടർപാസുകൾ, നദ് അൽ ശെബ റെസിഡെൻഷ്യൽ ഏരിയ 1, 2, 3, 4 എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നതിനുള്ള സർവീസ് റോഡുകൾ, പുതിയ നദ് അൽ ശെബ പാലം എന്നിവയും ഇതിന്റെ ഭാഗമായി പൂർത്തിയാക്കിയിട്ടുണ്ട്.
ദുബായിൽ നിന്ന് നദ് അൽ ശെബ 2-ലേക്ക് അണ്ടർപാസ് വഴി സഞ്ചരിക്കുന്ന വാഹനങ്ങൾ ഔദ് മേത്ത സ്ട്രീറ്റിലെ എക്സിറ്റ് 6-ലെ സർവീസ് റോഡ് ഉപയോഗിക്കേണ്ടതാണ്.
മെയ്ദാൻ ഹൈറ്റ്സിൽ നിന്ന് എക്സിറ്റ് ചെയ്ത് ദുബായ് – അൽ ഐൻ റോഡിലേക്ക് സഞ്ചരിക്കുന്നവർ, മെയ്ദാൻ ഹൈറ്റ്സിൽ നിന്ന് അബ്ജർ സ്ട്രീറ്റ് വഴി ദുബായ് -അൽ ഐൻ റോഡിലേക്കുള്ള താത്കാലിക റോഡ് ഉപയോഗപ്പെടുത്തേണ്ടതാണ്.