ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കി

International News

അടുത്ത തിങ്കളാഴ്ച്ച യൂറോപ്യൻ കാർ ഓഫ് ദി ഇയർ പ്രഖ്യാപനത്തോടെ ആരംഭിക്കാനിരുന്ന ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കിയതായി ജനീവയിലെ അധികാരികൾ വ്യക്തമാക്കി. കൊറോണാ ബാധയെത്തുടർന്ന് സ്വിറ്റ്സർലൻഡ് 1000-ത്തിലധികം ആളുകൾ ഒത്തുകൂടുന്ന വലിയ ചടങ്ങുകൾക്ക് വെള്ളിയാഴ്ച്ച മുതൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെയാണ് വാഹനരംഗത്തെ ജനപ്രിയമായ ഈ പരിപാടി റദ്ദാക്കേണ്ടി വന്നത്.

മാർച്ച് 15 വരെയാണ് വളരെയധികം ആളുകൾ ഒത്തുചേരുന്ന ചടങ്ങുകൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ പങ്കെടുക്കാനിരുന്ന വാഹന നിർമ്മാതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനമെങ്കിലും, ഇതിൽ പങ്കെടുക്കുന്നവരുടെയും, മറ്റുള്ളവരുടെയും ആരോഗ്യ സുരക്ഷയാണ് സംഘാടകർക്ക് പ്രധാനം എന്ന് ജനീവ മോട്ടോർ ഷോ ചെയർമാൻ മൗറിസ് ടുറേറ്റിനി മേള റദ്ദാക്കിക്കൊണ്ടുള്ള വിവരം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. സ്വിറ്റസർലാൻഡിൽ ഇതുവരെ 15 പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.