സൗദി: COVID-19 മുൻകരുതൽ നടപടികൾ കർശനമാക്കുന്നു; പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കി

featured GCC News

രാജ്യത്തെ COVID-19 സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ പൊതു ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 29-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഇൻഡോറിലും, ഔട്ട്ഡോറിലുമുള്ള മുഴുവൻ പൊതു ഇടങ്ങളിലുമെത്തുന്ന മുഴുവൻ വ്യക്തികളും 2021 ഡിസംബർ 30 മുതൽ മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്. ഇത്തരം ഇടങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിർദ്ദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.

ഇൻഡോറിലും, ഔട്ട്ഡോറിലും നടക്കുന്ന പരിപാടികൾക്കും ഈ നിബന്ധനകൾ ബാധകമാണ്. മക്ക, മദീന എന്നിവിടങ്ങളിലെ പള്ളികളിലെത്തുന്നവർക്കും മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ COVID-19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക്, തുറന്ന പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കുന്നതിന് 2021 ഒക്ടോബർ 17-ന് സൗദി അറേബ്യ അനുമതി നൽകിയിരുന്നു. ഈ അനുമതിയാണ് ഇപ്പോൾ 2021 ഡിസംബർ 30 മുതൽ പിൻവലിച്ചിരിക്കുന്നത്.