രാജ്യത്തെ ഗ്രേഡ് 1 മുതൽ 4 വരെയുള്ള വിദ്യാർത്ഥികൾക്ക് 2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ നാല് ആഴ്ച്ചത്തേക്ക് ഓൺലൈൻ പഠനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഒമാനിലെ മുഴുവൻ വിദ്യാലയങ്ങളിലേയും ഗ്രേഡ് 1 മുതൽ 4 വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ തീരുമാനം ബാധകമാണ്.
2022 ജനുവരി 12-ന് രാത്രിയാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
ഇതിന് പുറമെ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, വ്യപാരശാലകൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം പരമാവധി അമ്പത് ശതമാനം ശേഷിയിൽ നിയന്ത്രിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം, മറ്റു മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ നിർബന്ധമാണെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.