രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 16-ന് രാത്രിയാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ബഹ്റൈനിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്:
- ഇത്തരക്കാർ ശുചിമുറിയുള്ള ഒരു മുറിയിൽ സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്.
- COVID-19 രോഗബാധ സ്ഥിരീകരിച്ചവരിൽ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഒരു പ്രത്യേക ആരോഗ്യ പരിശോധന നടത്തുന്നതാണ്. ഇതിന്റെ സമയം സംബന്ധിച്ച് ആരോഗ്യ അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതാണ്.
- ഇത്തരം വ്യക്തികൾ തങ്ങൾ സമ്പർക്കത്തിനിടയായിട്ടുള്ള വ്യക്തികളുടെ പട്ടിക തയ്യാറാക്കേണ്ടതാണ്.
- സമ്പർക്കത്തിനിടയായ വ്യക്തികളുടെ കൃത്യമായ വിവരങ്ങൾ, ഫോൺ നമ്പർ, ഇവരുമായി അവസാനം ബന്ധപ്പെട്ട തീയതി എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്.
- ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് ഉള്ള COVID-19 രോഗബാധ സ്ഥിരീകരിച്ചവർ 7 ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണ്.
- ‘BeAware Bahrain’ ആപ്പിൽ ഗ്രീൻ ഷീൽഡ് ഇല്ലാത്ത COVID-19 രോഗബാധ സ്ഥിരീകരിച്ചവർ 10 ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണ്.
താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവർ വീടുകളിൽ ഐസൊലേഷനിൽ തുടരേണ്ടതാണ്:
- 37.5 മുതൽ 38.4 ഡിഗ്രി വരെ പനി.
- മണം, രുചി എന്നിവ തിരിച്ചറിയാത്ത അവസ്ഥ.
- മൂക്കടപ്പ്, മൂക്കൊലിപ്പ്, തുമ്മൽ.
- തൊണ്ട വേദന.
- മേൽവേദന, പേശിവേദന.
- ചെറിയ രീതിയിലുള്ള തലവേദന.
മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ വീടുകളിൽ ഐസൊലേഷനിൽ തുടരേണ്ടതും, ആരോഗ്യ സ്ഥിതി നിരീക്ഷിക്കേണ്ടതുമാണ്.
താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവർ ബഹ്റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ COVID-19 ക്ലിനിക്കിൽ ഹാജരാകേണ്ടതാണ്:
- തുടച്ചയായി രണ്ട് ദിവസം 38.5 ഡിഗ്രി പനി.
- ശക്തമായ ചുമ.
- രണ്ട് ദിവസമായി തുടരുന്ന ഛർദി.
- രണ്ട് ദിവസമായി തുടരുന്ന വയറിളക്കം.
- തലചുറ്റൽ.
- രണ്ട് ദിവസമായി തുടരുന്ന വയർ വേദന.
- COVID-19-നു പുറമെ ചികിത്സ ആവശ്യമാകുന്ന മറ്റു രോഗങ്ങൾ ഉള്ളവർ.
ഇവർ തുടർ ചികിത്സകൾക്കായി ബഹ്റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലെ COVID-19 ക്ലിനിക്കിൽ ഹാജരാകേണ്ടതാണ്.
താഴെ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന COVID-19 രോഗബാധ സ്ഥിരീകരിച്ചവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്:
- കഠിനമായ ശ്വാസംമുട്ടൽ.
- ശക്തമായ നെഞ്ച് വേദന.
- 48 മണിക്കൂറിലധിമായി തുടരുന്ന 39 ഡിഗ്രിയിൽ കൂടുതൽ ഉള്ള പനി.
- ഓക്സിജെൻ ലെവൽ 93 ശതമാനത്തിന് താഴെ രേഖപ്പെടുത്തുന്ന അവസ്ഥ.
- ബോധക്ഷയം.
- രക്തം വരുന്ന രീതിയിലുള്ള ചുമ.
- തുടർച്ചയായുള്ള ഛര്ദ്ദി, ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥ.
- മൂത്രതടസ്സം.
ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.