രാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 24-ന് വൈകീട്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൈ സ്കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരം പെർമിറ്റുകൾ 250 ദിനാർ ഫീസ് ഈടാക്കിക്കൊണ്ടാണ് അനുവദിക്കുന്നതെന്നും പബ്ലിക് അതോറിറ്റി ഫോർ ലേബർ ഫോഴ്സ് ബോർഡ് ചെയർമാൻ കൂടിയായ അൽ ജലാവി അറിയിച്ചിട്ടുണ്ട്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
അധികൃതർ അംഗീകരിച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതിന് നിർബന്ധമാണ്. നിലവിൽ ഒരു വർഷത്തെ കാലയളവിലേക്കാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുന്നതെന്നും, ഒരു വർഷത്തിന് ശേഷം തൊഴിൽമേഖലയിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ തീരുമാനത്തിൽ മാറ്റം വരുത്താമെന്നും കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളെ നിയമിക്കുന്നത് വിലക്കിയ തീരുമാനത്തിന് നിയമ പരിരക്ഷയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുവൈറ്റ് ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് ഈ തീരുമാനം ഒക്ടോബറിൽ റദ്ദ് ചെയ്തിരുന്നു. ഔദ്യോഗിക അംഗീകാരമില്ലാതെയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഈ തീരുമാനം കൈക്കൊണ്ടതെന്നും ലീഗൽ അഡ്വൈസ് ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു.