സൗദി: റെസിഡൻസി പെർമിറ്റ്, റീ-എൻട്രി, വിസിറ്റ് വിസകളുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചു

featured GCC News

യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) വ്യക്തമാക്കി. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ യാത്രാ വിലക്കുകൾ തുടരുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് ആശ്വാസം നൽകുന്നത് ലക്ഷ്യമിട്ട് ഇത്തരം ഒരു തീരുമാനമെന്ന് ജവാസത് കൂട്ടിച്ചേർത്തു.

2022 ജനുവരി 24-ന് വൈകീട്ടാണ് ജവാസത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇഖാമ, റീ-എൻട്രി വിസകൾക്ക് പുറമെ സന്ദർശക വിസകളുടെ കാലാവധിയും 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതാണ്.

തീർത്തും സൗജന്യമായാണ് ഈ രേഖകളുടെ കാലാവധി നീട്ടി നൽകുന്നതെന്നും ജവാസത് അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി മൂലം യാത്രകൾക്ക് വിലക്ക് നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ, നിലവിൽ സൗദി അറേബ്യയ്ക്ക് പുറത്ത് തുടരുന്ന പ്രവാസികൾ തുടങ്ങിയവർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

താഴെ പറയുന്ന രീതിയിലാണ് ഇത്തരം രേഖകളുടെ കാലാവധി നീട്ടി നൽകുന്നത്:

നിലവിൽ സൗദിയ്ക്ക് പുറത്തുള്ള പ്രവാസികളുടെ ഇഖാമ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ പുതുക്കി നൽകുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ:

നിലവിൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് യാത്രാ വിലക്കുകൾ നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള, സൗദിയ്ക്ക് പുറത്തുള്ള പ്രവാസികളുടെ, ഇഖാമ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതാണ്. സൗദിയിൽ നിന്ന് എക്സിറ്റ്, റീ-എൻട്രി വിസകളിൽ തിരികെ മടങ്ങുന്നതിന് മുൻപായി, സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഈ ഇളവ് ലഭിക്കുന്നതല്ല.

നിലവിൽ സൗദിയ്ക്ക് പുറത്തുള്ള സന്ദർശകരുടെ വിസിറ്റ് വിസകൾ പുതുക്കി നൽകുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ:

സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് യാത്രാ വിലക്കുകൾ നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള, നിലവിൽ സൗദിയ്ക്ക് പുറത്തുള്ള സന്ദർശകരുടെ, വിസിറ്റ് വിസകൾ 2022 മാർച്ച് 31 വരെ നീട്ടി നൽകുന്നതാണ്.

കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫോർമേഷൻ സെന്ററുമായി ചേർന്ന് സ്വയമേവ കൈക്കൊള്ളുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രവാസികൾ ഇതിനായി ജവാസത് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം മൂലം താത്‌കാലിക യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് ആൻഡ് റീ-എൻട്രി വിസകൾ എന്നിവയുടെ കാലാവധി 2022 ജനുവരി 31-ന് ശേഷം പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഏതാനം ദിവസങ്ങൾക്ക് മുൻപ് ജവാസത് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രവാസികൾക്ക് നൽകിയ മറുപടികളിൽ അറിയിച്ചിരുന്നു.