കുവൈറ്റ്: പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നു

GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 20 മുതൽ കുവൈറ്റിലെ പള്ളികളിൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നതാണ്. 2022 ഫെബ്രുവരി 20 മുതൽ കുവൈറ്റിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ ക്യാബിനറ്റ് ഫെബ്രുവരി 14-ന് തീരുമാനിച്ചിരുന്നു.

ഇതോടെ ഫെബ്രുവരി 20 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കും, ദിനം തോറുമുള്ള മറ്റു പ്രാർത്ഥനകൾക്കുമായി പള്ളികളിലെത്തുന്നവർക്ക് സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാകുന്നതാണ്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് കുവൈറ്റ് ഔകാഫ് മന്ത്രാലയം പള്ളികൾക്കായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഔകാഫ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദ്ർ അൽ ഒറ്റയ്‌ബിയാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് മാസ്കുകളുടെ ഉപയോഗം, സ്വന്തമായുള്ള നിസ്കാരപ്പായകളുടെ ഉപയോഗം തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ തുടരുന്നതാണ്.

ഫെബ്രുവരി 20 മുതൽ കുവൈറ്റിൽ എല്ലാ തരത്തിലുള്ള സാമൂഹിക ഒത്ത് ചേരലുകൾക്കും, (ഇൻഡോർ, ഔട്ഡോർ വേദികളിൽ ഉൾപ്പടെ) സത്കാരങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.