വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ കാലാവധി 2022 മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. 2022 മാർച്ച് 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
റമദാൻ, ഈദ് എന്നിവയുടെ അവസരത്തിൽ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജ് വേദിയിൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നതിനായാണ് മേള മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചത്. റമദാനിൽ കുടുംബാംഗങ്ങൾക്ക് ഗ്ലോബൽ വില്ലേജിൽ ഒത്ത് ചേർന്ന് സമയം ചെലവിടുന്നതിന് അവസരമൊരുക്കുന്നതിനായി കഴിഞ്ഞ വർഷവും സമാനമായി മേളയുടെ കാലാവധി നീട്ടി നൽകിയിരുന്നു.
മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26-നാണ് ആരംഭിച്ചത്. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 ഏപ്രിൽ 10 വരെ സന്ദർശകരെ സ്വീകരിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തോടെ സന്ദർശകർക്ക് 2022 മെയ് 7 വരെ ഗ്ലോബൽ വില്ലേജിലെ മാസ്മരിക കാഴ്ച്ചകൾ ആസ്വദിക്കാവുന്നതാണ്.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസണിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാണ്. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലാണ് 15 ദിർഹത്തിന് പ്രവേശന ടിക്കറ്റ് ലഭ്യമാക്കുന്നത്. ഗ്ലോബൽ വില്ലേജ് വേദിയിലെ ഗേറ്റിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്ക് 20 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാണ്.