എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 20 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 മാർച്ച് 19, ശനിയാഴ്ച്ചയാണ് എക്സ്പോ 2020 വേദി ഈ സവിശേഷ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്.
COVID-19 മഹാമാരി ലോകമെമ്പാടും പടർന്ന നാളുകൾക്ക് ശേഷം നടക്കുന്ന ഏറ്റവും വലിയ ആഗോള സമ്മേളനം എന്ന രീതിയിൽ യു എ ഇയിൽ ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്നതിൽ എക്സ്പോ 2020 വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രതിബന്ധങ്ങൾക്കെതിരെ ചരിത്രം സൃഷ്ടിച്ച ഒരു അത്ഭുതകരമായ നേട്ടം കൂടിയാണിത്. അഭൂതപൂർവമായ വെല്ലുവിളികളെ സധൈര്യം അഭിമുഖീകരിച്ച് കൊണ്ട് അറബ് ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ മേളയായ എക്സ്പോ 2020 സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ അനുഭവങ്ങളെ സമാനതകളില്ലാത്ത രീതിയിൽ സംയോജിപ്പിക്കുന്നതിൽ വിജയം കൈവരിച്ചു.
“ഞങ്ങൾ സ്വപ്നം കണ്ടു. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ധൈര്യം ഞങ്ങൾ പ്രകടിപ്പിച്ചു. ഞങ്ങൾ അത്ഭുതപ്പെടുത്തി. 192 രാജ്യങ്ങൾ, 170 ദിവസങ്ങൾ, 20 ദശലക്ഷം സന്ദർശനങ്ങൾ.”, എക്സ്പോ 2020 ദുബായ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അധികൃതർ ഈ നേട്ടം പങ്ക് വെച്ച് കൊണ്ട് കുറിച്ചു.
2022 മാർച്ച് 19-ന് എക്സ്പോ വേദിയിലെത്തിയ അൽ ദാഹിരി കുടുംബാംഗങ്ങളായിരുന്നു ഈ നാഴികക്കല്ല് കൈവരിക്കുന്നതിൽ പങ്കാളികളായത്.
“എക്സ്പോ യാഥാർഥ്യമാക്കുന്നതിനുള്ള കഠിനമായ യാത്ര ഞങ്ങൾ 2013-ൽ ആരംഭിച്ചപ്പോഴും, അതിനുമുമ്പ് എക്‌സ്‌പോ 2020 ദുബായ്‌ക്കായി ബിഡ് തയ്യാറാക്കുമ്പോഴും ഞങ്ങളെ നയിച്ച ഒരു സ്വപ്നം ഉണ്ടായിരുന്നു; ഹൃദയത്തിലും മനസ്സിലും ദീർഘകാലം നിലനിൽക്കുന്ന അഭൂതപൂർവമായ ഒരു ആഗോള ഒത്തുചേരലിനായി ദുബായിലേക്കും, യു എ ഇയിലേക്കും ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യാനുള്ള സ്വപ്നം.”, എക്‌സ്‌പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം ഈ നേട്ടത്തിൽ സന്തോഷം പങ്ക് വെച്ചു.
“ഞങ്ങൾ ഈ സ്വപ്നം സാക്ഷാത്കരിച്ചു എന്നത് ഇതിനകം സംശയത്തിന് അതീതമാണ്. എന്നാൽ ഇത്രയും സന്ദർശനങ്ങൾ നേടിയെടുക്കുക എന്നത് നമ്മൾ ഇത്രയും കാലം പ്രയത്നിച്ച് സൃഷ്ടിച്ചതിനോട് ലോകം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ യഥാർത്ഥ സാക്ഷ്യമാണ്. എക്സ്പോ 2020 സന്ദർശിച്ച ദശലക്ഷക്കണക്കിന് വ്യക്തികൾ അവർ എക്സ്പോ വേദിയിൽ നിന്ന് നേടിയ ഓർമ്മകൾ അവരുടെ കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും, അവർ ലോകത്തെവിടെയായിരുന്നാലും, തിരികെ കൊണ്ടുപോകുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. അതിലൂടെ എക്‌സ്‌പോ 2020 ദുബായിൽ ഞങ്ങൾ ആരംഭിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങൾ തുടരുന്നതിന് സാധിക്കുന്നതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ചരിത്ര മുഹൂർത്തത്തെ അഭിനന്ദിക്കുന്നതിനായി ദുബായ് ഫ്രെയിം മഞ്ഞ നിറത്തിലുള്ള വെളിച്ചങ്ങളാൽ അലങ്കരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2021 ഒക്ടോബർ 1-നാണ് എക്സ്പോ 2020 ദുബായ് ആരംഭിച്ചത്. 2022 മാർച്ച് 31 വരെ എക്സ്പോ വേദി സന്ദർശകരെ സ്വീകരിക്കുന്നതാണ്. ദുബായ് എക്സ്പോ 2020 അതിന്റെ അവസാന മാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, സന്ദർശകർക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി പവലിയനുകളുടെ സന്ദർശന സമയം ദിനം തോറും രാത്രി 11 മണിവരെ നീട്ടാൻ തീരുമാനിച്ചതായി അധികൃതർ മാർച്ച് 1-ണ് അറിയിച്ചിരുന്നു.
With inputs from WAM