യു എ ഇ: മണൽക്കാറ്റ് തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

UAE

2022 മെയ് 18, ബുധനാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ കേന്ദ്രം 2022 മെയ് 18-ന് രാവിലെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സാമാന്യം ശക്തമായ കാറ്റിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബുധനാഴ്ച രാത്രിയോടെ തീരപ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അംശം ഉയരുമെന്നും, ഈ സാഹചര്യം വ്യാഴാഴ്ച രാവിലെ വരെ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച യു എ ഇയുടെ പടിഞ്ഞാറൻ മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ മണൽക്കാറ്റിന് സാധ്യതയുണ്ടെന്നും, കാഴ്ച തടസപ്പെടുന്നതിന് ഇത് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അബുദാബി, ദുബായ് മേഖലകളിൽ കഴിഞ്ഞ ദിവസം മണൽക്കാറ്റ് അനുഭവപ്പെട്ടിരുന്നു.

വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച വരെ പൊടിക്കാറ്റ് അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ശക്തമായ കാറ്റും, പൊടിയും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 2022 മെയ് 18-ന് രാവിലെയാണ് അബുദാബി പോലീസ് ഈ മുന്നറിയിപ്പ് ആവർത്തിച്ചത്.