2022 ഹജ്ജ് സീസണിലെ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ ബുക്കിംഗ് ഇന്ന് (2022 ജൂൺ 3, വെള്ളിയാഴ്ച) മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 2-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ജൂൺ 3-ന് ആരംഭിക്കുന്ന ഈ രജിസ്ട്രേഷൻ സേവനങ്ങൾ 2022 ജൂൺ 11 വരെയുള്ള ഒമ്പത് ദിവസങ്ങളിൽ ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ആദ്യം പൂർത്തിയാക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രത്യേക പരിഗണനകൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ ഹജ്ജ് സീസണിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 65 വയസിന് താഴെ പ്രായമുള്ള, സൗദി അറേബ്യയിൽ നിലവിൽ ഉള്ളവരായ, പൗരന്മാർക്കും, പ്രവാസികൾക്കും ആഭ്യന്തര തീർത്ഥാടകരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇവർ COVID-19 വാക്സിന്റെ മൂന്ന് ഡോസ് നിർബന്ധമായും സ്വീകരിച്ചരിക്കേണ്ടതാണ്. പെർമിറ്റുകളില്ലാതെ ഹജ്ജ് അനുഷ്ഠിക്കാൻ ശ്രമിച്ച് പിടിക്കപ്പെടുന്ന പ്രവാസികളെ സൗദി അറേബ്യയിൽ നിന്ന് 10 വർഷത്തേക്ക് നാട് കടത്തുമെന്ന് സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്. പെർമിറ്റ് പരിശോധന ഉറപ്പ് വരുത്തുന്നതിനായി കൈവിരലടയാളം ഉൾപ്പടെയുള്ള ബയോമെട്രിക് പരിശോധനാ രീതികൾ നടപ്പിലാക്കുന്നതാണ്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു.