ദൈനംദിന പ്രവർത്തനങ്ങൾക്കായി കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ ആദ്യ ഗ്രന്ഥശാലയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജൂൺ 13-ന് ഉദ്ഘാടനം ചെയ്യപ്പെട്ട മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മുഴുവൻ പ്രവർത്തന മേഖലകളിലും – പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതും, കണ്ടെത്തുന്നതും, വായിക്കുന്നതിനായി പുസ്തകം നൽകുന്നതും, പുസ്തകം തിരികെ മേടിക്കുന്നതും ഉൾപ്പടെ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ ലൈബ്രറിയുടെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ‘ഓട്ടോമേറ്റഡ് സ്റ്റോറേജ് ആൻഡ് ഇലക്ട്രോണിക് ബുക്ക് റിട്രീവൽ സിസ്റ്റം’ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഏതാണ്ട് ഒരു ദശലക്ഷം പുസ്തകങ്ങളിൽ നിന്ന് വായനക്കാരൻ ആവശ്യപ്പെടുന്ന പുസ്തകം കണ്ടെത്തുന്നതിനും, അത് വായനക്കാരനിലേക്ക് എത്തിക്കുന്നതിനും ഈ സംവിധാനം നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നു.
മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തി, അവ വായനക്കാരന് എത്തിച്ച് നൽകാൻ, ഈ സ്മാർട്ട് സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമാൻഡുകൾ അനുസരിക്കുന്ന റോബോട്ടുകളുടെ സഹായം ഉപയോഗപ്പെടുത്തുന്നു. പശ്ചിമേഷ്യന്‍ മേഖലയിൽ ഇത്തരത്തിലുള്ള ഒരു സ്മാർട്ട് സംവിധാനം ആദ്യമായാണ് പ്രയോജനപ്പെടുത്തുന്നത്.
മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2022 ജൂൺ 13-ന് ഉദ്ഘാടനം ചെയ്തിരുന്നു. ഈ ലൈബ്രറി പൊതുജനങ്ങൾക്ക് ജൂൺ 16, വ്യാഴാഴ്ച മുതൽ തുറന്ന് കൊടുക്കുന്നതാണ്.
ഈ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ബുക്ക് ഡിജിറ്റൈസേഷൻ ലബോറട്ടറി, അപൂര്‍വ്വമായ പുസ്തകങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
WAM