രാജ്യത്ത് നിലവിൽ അനുഭവപ്പെടുന്ന ശക്തമായ മഴ 2022 ജൂലൈ 11, തിങ്കളാഴ്ച വരെ തുടരാനിടയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂലൈ 8-ന് വൈകീട്ട് പുറത്തിറക്കിയ അറിയിപ്പിലാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, ജൂലൈ 9 മുതൽ ജൂലൈ 11 വരെ ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച്ചയോടെ മഴയുടെ ശക്തി കുറയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചിട്ടുണ്ട്.
2022 ജൂലൈ 9, ശനിയാഴ്ച മസ്കറ്റ്, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, നോർത്ത് അൽ ബത്തീന, സൗത്ത് ആൾ ബത്തീന, അൽ ബുറൈമി, അൽ ദഹിരാ, അൽ വുസ്ത, ദോഫാർ മുതലായ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട രീതിയിൽ പകൽസമയങ്ങളിലും, വൈകീട്ടും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം 30 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 ജൂലൈ 10, ഞായറാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴ ശക്തമാകുമെന്നും, ജൂലൈ 11, തിങ്കളാഴ്ച്ചയോടെ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പുലർത്താനും, ഇത്തരം ഇടങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്‌ധമാകുന്നതിന് ഇടയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഏതാനം ഇടങ്ങളിൽ 24 മണിക്കൂറിനകം 20 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.