അബുദാബിയിലെ മുസഫയിലേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ബസ് റൂട്ട് E102 2022 ഓഗസ്റ്റ് 9 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഓഗസ്റ്റ് 3-ന് വൈകീട്ടാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
COVID-19 മഹാമാരിയെത്തുടർന്ന് നിർത്തലാക്കിയ ഇന്റർസിറ്റി സർവീസാണിത്. ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ മുസഫ കമ്മ്യൂണിറ്റി ബസ് സ്റ്റേഷനിലേക്കാണ് റൂട്ട് E102 സർവീസ് നടത്തുന്നത്.
ഓരോ അറുപത് മിനിറ്റ് ഇടവേളയിലുമാണ് റൂട്ട് E102 സർവീസ് നടത്തുന്നത്. ഇതോടൊപ്പം ഓഗസ്റ്റ് 9 മുതൽ റൂട്ട് 24, റൂട്ട് 44, റൂട്ട് 88 എന്നിവ ഉൾപ്പടെ എട്ട് ബസ് റൂട്ടുകൾ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തി യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.