ഖത്തർ: തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ അറിയിക്കുന്ന ഓൺലൈൻ സേവനവുമായി മിനിസ്ട്രി ഓഫ് ലേബർ

GCC News

രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള ഓൺലൈൻ സേവനം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. 2022 ഓഗസ്റ്റ് 28-ന് രാത്രിയാണ് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ ഇക്കാര്യം അറിയിച്ചത്.

https://www.mol.gov.qa/En/Pages/monthlystatistics.aspx എന്ന വിലാസത്തിൽ നിന്ന് ഈ സേവനം ലഭ്യമാണ്. ഖത്തറിലെ തൊഴിൽ രംഗത്തെ മാസം തോറുമുള്ള വിവിധ സ്ഥിതിവിവരക്കണക്കുകളാണ് ഇപ്രകാരം പ്രസിദ്ധീകരിക്കുന്നത്.

താഴെ പറയുന്ന നാല് പ്രധാന വകുപ്പുകളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളാണ് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ ഈ സേവനത്തിലൂടെ ലഭ്യമാക്കിയിരിക്കുന്നത്:

  • ലോക്കലൈസേഷൻ ഡിപ്പാർട്മെന്റ്.
  • ലേബർ റിലേഷൻസ് ഡിപ്പാർട്മെന്റ്.
  • ലേബർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റ്.
  • റിക്രൂട്ടിട്മെന്റ് ഡിപ്പാർട്മെന്റ്.

സ്ഥപനങ്ങൾക്കെതിരെ ജീവനക്കാർ നൽകിയിട്ടുള്ള പരാതികളുടെ എണ്ണം, ഗാർഹിക ജീവനക്കാർ നൽകിയിട്ടുള്ള പരാതികളുടെ എണ്ണം, തൊഴിൽ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പുകളുടെ എണ്ണം, വേതനം ഉറപ്പ് വരുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ സ്ഥാപനങ്ങൾക്കെതിരെ എടുത്തിട്ടുള്ള നടപടികളുടെ എണ്ണം, പ്രവർത്തനം താത്‌കാലികമായി നിർത്തലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം മുതലായ വിവരങ്ങൾ ഈ സംവിധാനത്തിൽ നിന്ന് അറിയാൻ കഴിയുന്നതാണ്.