ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉംറ തീർത്ഥാടകരുടെ പ്രവേശനത്തിനായി പ്രത്യേക വിമാനത്താവളങ്ങൾ നിജപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേത് വേണമെങ്കിലും യാത്രയ്ക്കായി തിരഞ്ഞെടുക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉംറ വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്ത് പരമാവധി 90 ദിവസം വരെയാണ് താമസിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഈ കാലയളവിൽ അവർക്ക് സൗദിയിലെ എല്ലാ നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.