ദുബായ് ക്യാൻ പദ്ധതി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ

featured GCC News

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 3.5 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. ഈ പദ്ധതി ആരംഭിച്ച ശേഷമുള്ള ആറ് മാസത്തിനിടയിലെ കണക്കുകൾ പ്രകാരമാണിത്.

2022 സെപ്റ്റംബർ 7-നാണ് ദുബായ് അധികൃതർ ഇക്കാര്യം അറിയിച്ചത്. നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് 2022 ഫെബ്രുവരിയിൽ തുടക്കമിട്ടിരുന്നു.

ദുബായിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെയാണ് മൂന്നര ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കുക എന്ന നേട്ടം കൈവരിക്കാനായതെന്ന് ദുബായ് ക്യാൻ അധികൃതർ വ്യക്തമാക്കി. ദുബായ് ക്യാൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ഫൗണ്ടനുകളിലെ വെള്ളത്തിന്റെ ഉപയോഗത്തിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Source: Dubai Media Office.

എമിറേറ്റിലെ നിവാസികളുടെയും, സന്ദർശകരുടെയും ഇടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതി ഏറെ സ്വീകാര്യമായതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടയിൽ ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 46 കുടിവെള്ള ഫൗണ്ടനുകളാണ് സ്ഥാപിച്ചത്. വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് കൊണ്ട് നഗരത്തിലെ പാർക്കുകൾ, ബീച്ചുകൾ, ടൂറിസ്റ്റ് മേഖലകൾ തുടങ്ങിയ വിവിധ ഇടങ്ങളിൽ ഇത്തരം ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുണ്ട്.

Source: Dubai Media Office.

ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള വിവിധ വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കൈറ്റ് ബീച്ച്, ദുബായ് മറീന, ജെ എൽ ടി, ഡൗൺ ടൌൺ ദുബായ്, ദുബായ് ഹാർബർ, മദിനത് ജുമേയറാഹ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഖവാനീജ് തുടങ്ങിയ ഇടങ്ങളിൽ ഇത്തരം വാട്ടർ ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുണ്ട്.

ദുബായിലെ പൊതുസമൂഹത്തിനിടയിലും, എമിറേറ്റിലെ വാണിജ്യമേഖലയിലും വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുടിവെള്ളക്കുപ്പികളുടെ ഉപയോഗം ഒരു ശീലമാക്കുന്നതിന്റെയും, പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെയും, വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുന്നതിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ഈ പദ്ധതി, അതിലൂടെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ആഹ്വാനം ചെയ്യുന്നു.