ഉം അൽ കുവൈൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ നിരോധനം ഏർപ്പെടുത്തും

featured GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2023 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഉം അൽ കുവൈൻ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉം അൽ കുവൈൻ എക്സിക്യൂട്ടീവ് കൗൺസിൽ ഒക്ടോബർ 13-ന് ഒരു ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി പരിസ്ഥിതി-സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതും, ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബാഗുകൾ ഏർപ്പെടുത്തുന്നതാണ്.

ഉം അൽ കുവൈൻ മുനിസിപ്പാലിറ്റി വകുപ്പ് നൽകുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്കാണ് ഇപ്രകാരം അനുമതി നൽകുന്നത്. പേപ്പർ, തുണി എന്നിവയാൽ നിർമ്മിച്ചിട്ടുള്ള ബയോ-ഡീഗ്രേഡബിൾ ബാഗുകൾക്കാണ് അനുമതി.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും, പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് ഉം അൽ കുവൈൻ ഈ തീരുമാനം നടപ്പിലാക്കുന്നത്. അബുദാബി, ദുബായ്, ഷാർജ എന്നീ എമിറേറ്റുകളിലും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.