റഷ്യൻ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ യു എ ഇയിൽ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

റഷ്യയിൽ നിർമ്മിക്കുന്ന COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യു എ ഇയിൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. റഷ്യയിൽ ആഭ്യന്തര ഉപയോഗത്തിനായി ഓഗസ്റ്റിൽ ലൈസൻസ് ലഭിച്ച ഈ വാക്സിൻ, നിലവിൽ മോസ്‌കോയിൽ 40000 സന്നദ്ധസേവകരിൽ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്സിൻ തയ്യാറാക്കിയത്. റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്മെന്റ് ഫണ്ട് (RDIF), ‘Aurugulf’ ഹെൽത്ത് ഇൻവെസ്റ്മെന്റ് എന്നിവർ സംയുക്തമായാണ് ഈ വാക്സിൻ പരീക്ഷണങ്ങൾ യു എ ഇയിൽ അവതരിപ്പിക്കുന്നത്.

യു എ ഇയിൽ നടപ്പിലാക്കുന്ന ഈ വാക്സിൻ ക്ലിനിക്കൽ ട്രയലിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്താണ് (DoH) നേതൃത്വം നൽകുന്നത്. യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നത്.

പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും ഈ വാക്സിൻ മുഴുവൻ സന്നദ്ധസേവകരിലും രോഗപ്രതിരോധ ശേഷി വർധിപ്പിച്ചതായി കണ്ടെത്തിയിരുന്നു. വാക്സിൻ പരീക്ഷിച്ച സന്നദ്ധസേവകരിൽ പാർശ്വ ഫലങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ റഷ്യയിൽ നിന്നുള്ള ഈ വാക്സിൻ ആദ്യമായി യു എ ഇയിലാണ് പരീക്ഷിക്കുന്നത്.

WAM