ലോകകപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പ്രത്യേക ഷട്ടിൽ ബസ് ലൂപ്പ് സർവീസുകളുടെ വിവരങ്ങൾ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി. 2022 ഒക്ടോബർ 30-നാണ് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദോഹ കോർണിഷ് ഷട്ടിൽ, ബി-റിങ്ങ് ഷട്ടിൽ, സി-റിങ്ങ് ഷട്ടിൽ എന്നീ സർവീസുകളുടെ വിവരങ്ങളാണ് ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. മത്സരങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ, ആഘോഷങ്ങൾ, ഫിഫ ഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി സെൻട്രൽ ദോഹയിൽ 2022 നവംബർ 1 മുതൽ ഡിസംബർ 18 വരെ സൗജന്യമായാണ് ഈ ഷട്ടിൽ ബസ് സർവീസുകൾ നടത്തുന്നത്.
കോർണിഷ് ഷട്ടിൽ
C806 എന്ന ഈ ഷട്ടിൽ ബസ് ലൂപ്പ് സർവീസ് നവംബർ 1 മുതൽ ദിനവും രാവിലെ 9 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3 മണിവരെ സർവീസ് നടത്തുന്ന രീതിയിലാണ് ഏർപ്പെടുത്തുന്നത്.
തിരക്കേറിയ സമയങ്ങളിൽ (വൈകീട്ട് 5 മുതൽ പുലർച്ചെ 3 വരെ) ഓരോ 7.5 മിനിറ്റ് ഇടവേളയിലും, മറ്റു സമയങ്ങളിൽ ഓരോ 15 മിനിറ്റ് ഇടവേളയിലും ഈ ബസ് സർവീസ് ലഭ്യമാണ്.
ബി-റിങ്ങ് ഷട്ടിൽ (C804), സി-റിങ്ങ് ഷട്ടിൽ (C805) സർവീസുകൾ
ഈ ബസുകൾ ബി-റിങ്ങ്, സി-റിങ്ങ് റോഡുകളിലൂടെ ലൂപ്പ് സർവീസ് നടത്തുന്നതാണ്.
നവംബർ 1 മുതൽ ദിനവും രാവിലെ 9 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3 മണിവരെ സർവീസ് നടത്തുന്ന രീതിയിലാണ് ഈ ബസുകൾ ഏർപ്പെടുത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ (വൈകീട്ട് 5 മുതൽ പുലർച്ചെ 3 വരെ) ഓരോ 7.5 മിനിറ്റ് ഇടവേളയിലും, മറ്റു സമയങ്ങളിൽ ഓരോ 15 മിനിറ്റ് ഇടവേളയിലും ഈ ബസ് സർവീസ് ലഭ്യമാണ്.
2022 നവംബർ 1 മുതൽ വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനമില്ലെന്ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 2022 ഒക്ടോബർ 28-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു.