ദുബായ് റൈഡ് 2022: മുപ്പത്തയ്യായിരത്തോളം സൈക്കിളോട്ടക്കാർ പങ്കെടുത്തു

GCC News

2022 നവംബർ 6-ന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച മൂന്നാമത് ദുബായ് റൈഡിൽ 34,897 സൈക്കിളോട്ടക്കാർ പങ്കെടുത്തു. ദുബായ് നഗരത്തിലെ പ്രധാന വീഥിയെ 12 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് ട്രാക്കാക്കി മാറ്റിയ ദുബായ് റൈഡ്, ദുബായ് ഫിറ്റ്നസ് ചലഞ്ച്‌ 2022-ന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്.

ദുബായ് റൈഡ് 2022 യു എ ഇ പൗരന്മാരുടെയും, പ്രവാസികളുടെയും, സന്ദർശകരുടെയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ സൈക്ലിംഗ് പരിപാടിയാണ് ദുബായ് റൈഡ്.

Source: WAM.

ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിൽ 2 പ്രത്യേക ട്രാക്കുകളാണ് ഒരുക്കിയിരുന്നത്.

Source: WAM.

ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്ക് ഒരുക്കിയിരുന്നത്.

Source: WAM.

ദുബായ് വേൾഡ് ട്രേഡ് സെന്റർ മുതൽ സഫ പാർക്ക് വരെ 12 കിലോമീറ്റർ നീളമുള്ള പ്രധാന ട്രാക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമായി 4 കിലോമീറ്റർ ദൈർഘ്യമുള്ള ഫാമിലി ട്രാക്കും സൈക്കിളോട്ടക്കാർക്ക് ഹരം പകർന്നു.

Source: WAM.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിന് ചുറ്റുമായി ദുബായ് മാൾ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഫാമിലി ട്രാക്ക് ഒരുക്കിയിരുന്നത്.

Source: WAM.

ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 മുതൽ നവംബർ 27 വരെയാണ് നടത്തുന്നത്. ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റൺ 2022 നവംബർ 20-ന് സംഘടിപ്പിക്കുന്നതാണ്.