ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് (2022 നവംബർ 20, ഞായറാഴ്ച) തുടക്കമാകും. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 2022 നവംബർ 20-ന് വൈകീട്ട് 5 മണിക്ക് (പ്രാദേശിക സമയം) ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്‌ഘാടന മത്സര ദിനത്തിൽ വൈകീട്ട് 2 മണിമുതൽ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകൾ തുറക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.
ഉദ്‌ഘാടന ചടങ്ങ് അതിഗംഭീരമായിരിക്കുമെന്ന് കമ്മിറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി ഫഹദ് അൽ ഖുബൈസി, യുങ് കൂക് (BTS) എന്നിവർ ചേർന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ഡ്രീമേഴ്‌സ്’ വേദിയിൽ അവതരിപ്പിക്കുന്നതാണ്.
ഇക്വഡോറുമായുള്ള ഉദ്ഘാടന മത്സരത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയതായി ഖത്തർ ദേശീയ ടീം അറിയിച്ചു.
“ഞങ്ങളുടെ ആരാധകരുടെ മുന്നിൽ വെച്ചാണ് ഞങ്ങൾ നാളെ കളിക്കുന്നത്. ഈ മത്സരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഞങ്ങളുടെ കടമകളെക്കുറിച്ചും ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. ലോകകപ്പ് മത്സരം കളിക്കുന്നതിന് ഞങ്ങൾക്ക് അർഹതയുണ്ടെന്ന് ലോകത്തിന് മുൻപിൽ തെളിയിക്കുന്നതിനായി ഞങ്ങൾ തയ്യാറാണ്.”, ഖത്തർ ദേശീയ ടീം പരിശീലകൻ ഫെലിക്സ് സാഞ്ചസ് അറിയിച്ചു.
മത്സരത്തിന് മുന്നോടിയായുള്ള ഔദ്യോഗിക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ഒരു ലോകകപ്പ് മത്സരത്തിൽ ഖത്തർ ഫുട്ബാൾ ടീമിനെ നയിക്കുന്ന ആദ്യത്തെ താരം എന്നതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ആദ്യ മത്സരത്തിനായി ടീമിലെ മുഴുവൻ അംഗങ്ങളും പൂർണ്ണസജ്ജരാണ്.”, ഖത്തർ ടീം ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ് വ്യക്തമാക്കി.
ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായെത്തുന്ന ഫുട്ബാൾ ആരാധകർ താഴെ പറയുന്ന സാധനങ്ങളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്:
- ഫോട്ടോ, വീഡിയോ ഉപകാരണങ്ങൾക്കുള്ള മൗണ്ടുകൾ.
- റെക്കോർഡിങ്ങ്, ട്രാൻസ്മിറ്റിംഗ് ഉപകരണങ്ങൾ.
- പൊടിരൂപത്തിലുള്ള എല്ല്ലാ പദാർത്ഥങ്ങളും സ്റ്റേഡിയത്തിൽ നിരോധിച്ചിട്ടുണ്ട്.
- ഭക്ഷണപാനീയങ്ങൾ.
- വലിയ പെട്ടികൾ, ലഗേജ് എന്നിവ.
- ലൈറ്റർ, തീപ്പെട്ടി, സിഗരറ്റ്.
ഇത്തരം ഉപകരണങ്ങൾ സ്റ്റേഡിയത്തിൽ നിരോധിച്ചിട്ടുണ്ടെന്നും, ഇവയുമായെത്തുന്ന ഫുട്ബാൾ ആരാധകരിൽ നിന്ന് സെക്യൂരിറ്റി അധികൃതർ ഇത്തരം സാധനങ്ങൾ കണ്ട് കെട്ടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.