ബഹ്‌റൈൻ: ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ട്രാഫിക് വിഭാഗം

GCC News

ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക് ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദേശീയ ദിനാഘോഷവേളയിൽ എല്ലാ റോഡുകളിലും സുഗമമായ ട്രാഫിക് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനായി വിവിധ ഗവർണറേറ്റുകളിലെ പോലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ റോഡുകളിൽ ആവശ്യമായ പട്രോളിംഗ് ഉറപ്പ് വരുത്തുന്നതാണ്.

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദിനാഘോഷവേളയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റായ വശത്ത് കൂടിയുള്ള ഓവർടേക്കിങ്ങ്, വാഹനത്തിന്റെ മേലെ കയറിയിരുന്ന് സഞ്ചരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഒഴിവാക്കാനും, റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാർ, കുട്ടികൾ എന്നിവരുടെ സുരക്ഷ ഉറപ്പ് വരുത്താനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.