ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും അടച്ചിടും

GCC News

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും മാർച്ച് 15 മുതൽ ഈ മാസം അവസാനം വരെ താത്കാലികമായി അടച്ചിടുന്നതിനു തീരുമാനമെടുത്തതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു. കൊറോണാ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.

പൊതു ഇടങ്ങളിലെ ജനങ്ങളുടെ ഇടപഴകൽ മൂലം രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കഴിയുന്നതും ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കുക എന്നത് ലക്ഷ്യമിട്ടും, പൊതുഇടങ്ങൾ പൂർണ്ണമായി അണുവിമുക്തമാക്കുക എന്നത് ലക്ഷ്യമിട്ടും നിരവധി നടപടികൾ ദുബായിൽ ഇന്ന് കൈകൊണ്ടിട്ടുണ്ട്.

മസാജ് സെന്ററുകൾ, സ്പാ എന്നിവയ്ക്കും മാർച്ച് 15 മുതൽ ഈ മാസം അവസാനം വരെ സേവനങ്ങൾ നിർത്തിവെക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. സിനിമ തീയറ്ററുകൾ, വിനോദകേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, ജിം എന്നിവയോടും ഈ മാസം അവസാനം വരെ താത്കാലികമായി പ്രവർത്തനം നിർത്തിവെയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.