യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യം: ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റാഷിദ് റോവറിന്റെ പ്രയാണം തുടരുന്നതായി MBRSC

featured GCC News

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള റാഷിദ് റോവറിന്റെ പ്രയാണം തുടരുന്നതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2023 ജനുവരി 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

റാഷിദ് റോവറിന്റെ വിജയകരമായുള്ള വിക്ഷേപണത്തിന് ശേഷം ഒരു മാസം പിന്നിട്ടതായും, റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് ലൂണാർ ലാൻഡർ ഇതുവരെ 1.34 മില്യൺ കിലോമീറ്റർ സഞ്ചരിച്ചതായും MBRSC വ്യക്തമാക്കി.

വിക്ഷേപണത്തിന് ശേഷം റാഷിദ് റോവറുമായി ഇതുവരെ 220 മിനിറ്റോളം ആശയവിനിമയം നടത്തിയതായും MBRSC അറിയിച്ചു. റോവറിന്റെ പരിപാലന പരിശോധനകൾ, റോവറിലെ സാങ്കേതിക ഉപകരണങ്ങളുടെ പരിശോധന എന്നിവ വിജയകരമായി പൂർത്തിയാക്കിയതായി MBRSC കൂട്ടിച്ചേർത്തു.

വിക്ഷേപണത്തിന് രണ്ടാഴ്ച്ചയ്ക്ക് ശേഷം പ്രതിദിനം 10 മിനിറ്റ് വീതം റാഷിദ് റോവർ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും, ആഴ്ചയിൽ ഒരു തവണ വീതം റോവറുമായി ആശയവിനിമയം നടത്തുന്നതായും MBRSC അറിയിച്ചു. നിലവിൽ റോവറിന്റെ എൻട്രി, ഡിസെന്ററ്‌, ലാൻഡിംഗ് (EDL) ഘട്ടവുമായി ബന്ധപ്പെട്ട നടപടികൾക്കായി MBRSC സംഘം തയ്യാറെടുക്കുകയാണ്.

റാഷിദ് റോവർ 2023 ഏപ്രിൽ അവസാനം ചന്ദ്രോപരിതലത്തിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ഗ്രൗണ്ട് സ്റ്റേഷനിൽ നിന്ന് MBRSC വിവിധ സിമുലേഷൻ ടെസ്റ്റുകൾ നടത്തുന്നതാണ്.

2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-നാണ് ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് റാഷിദ് റോവറിനെ വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്.

റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി MBRSC 2022 ഡിസംബർ 11-ന് വൈകീട്ട് 6:47-ന് അറിയിച്ചിരുന്നു.

തുടർന്ന് ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യങ്ങൾ ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പങ്ക് വെച്ചു.

റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചതായി 2022 ഡിസംബർ 14-ന് രാത്രി MBRSC അറിയിച്ചിരുന്നു.

WAM