രാജ്യത്തിന്റ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 10, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും 2023 ഫെബ്രുവരി 6, തിങ്കളാഴ്ച മുതൽ 2023 ഫെബ്രുവരി 10, വെള്ളിയാഴ്ച വരെ പൊടിയോട് കൂടിയ ശക്തമായ കാറ്റ്, ചാറ്റൽ മഴ, മഞ്ഞ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവിൽ മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുമെന്നും, അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖല, ഈസ്റ്റേൺ പ്രൊവിൻസ്, ഹൈൽ, അൽ ഖാസിം, റിയാദ് തുടങ്ങിയ ഇടങ്ങളിലും, മക്ക, മദീന പ്രദേശങ്ങളുടെ ഏതാനം ഇടങ്ങളിലും ഈ കാലയളവിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഈ മേഖലകളിൽ അന്തരീക്ഷത്തിലെ പൊടി മൂലം കാഴ്ച മറയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തീരദേശമേഖലകളിൽ രണ്ടര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തബൂക്, അറാർ, തുറൈഫ്, ഖുറൈയത്, തബാർജാൽ, ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ ഇടങ്ങളിലും, മദീനയുടെ വടക്കന്‍ പ്രദേശങ്ങളിലും ഈ കാലയളവിൽ ചാറ്റൽ മഴ അനുഭവപ്പെടാനിടയുണ്ടെന്നും, അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.