ദുബായ് ക്യാൻ പദ്ധതി: ഒരു വർഷത്തിനിടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

featured GCC News

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, ഒരു വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരി 19-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ തടയുന്നത് ലക്ഷ്യമിട്ടു കൊണ്ട് 2022 ഫെബ്രുവരി 15-നാണ് ദുബായ് ക്യാൻ പദ്ധതി ആരംഭിച്ചത്. നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായാണ് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്.

ഈ പദ്ധതി നടപ്പിലാക്കി ഒരു വർഷം കൊണ്ട് എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 7 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായും, ഇതിന്റെ ഭാഗമായി എമിറേറ്റിൽ അമ്പത് വാട്ടർ ഫൗണ്ടനുകൾ സ്ഥാപിച്ചതായും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. എമിറേറ്റിലെ നിവാസികൾകളുടെയും, സന്ദർശകരുടെയും ഇടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 50 വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാക്കുന്നതാണ്. ഈ പദ്ധതിയുടെ കീഴിൽ എമിറേറ്റിലെ ബീച്ചുകൾ, പാർക്കുകൾ, മാളുകൾ തുടങ്ങിയ പ്രധാന പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്.

കൈറ്റ് ബീച്ച്, ദുബായ് മറീന, ജെ എൽ ടി, ഡൗൺ ടൌൺ ദുബായ്, ദുബായ് ഹാർബർ, മദിനത് ജുമേയറാഹ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഖവാനീജ് തുടങ്ങിയ ഇടങ്ങളിൽ ഇത്തരം വാട്ടർ ഫൗണ്ടനുകൾ സ്ഥാപിച്ചിട്ടുണ്ട്.

WAM