ദുബായിലെ ഗ്ലോബൽ വില്ലേജിൽ വെച്ച് നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് 2023 മാർച്ച് 7-ന് തുടക്കമായി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2023 ആഘോഷങ്ങളിൽ യു എ ഇ ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ സലേം അൽ ഷംസി പങ്കെടുത്തു. ‘നിങ്ങളുടെ ജീവൻ ഒരു ഉത്തരവാദിത്വമാണ്’ എന്ന ആശയത്തിലൂന്നിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഗ്ലോബൽ വില്ലേജിന്റെ പടിവാതിൽ മുതൽ ആഘോഷപരിപാടികൾ നടക്കുന്ന വേദിവരെ നടന്ന പോലീസ് മ്യൂസിക് ബാൻഡിന്റെ പ്രത്യേക മാർച്ചോടെയാണ് യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ഉം അൽ കുവൈനിലെ സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത കലാപരിപാടികൾ, ദുബായ് പൊലീസിന് കീഴിലെ കുട്ടികളുടെ മ്യൂസിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച പരിപാടികൾ എന്നിവ അരങ്ങേറി.
ഇതിന് ശേഷം മേളയുടെ ഭാഗമായി നടക്കുന്ന പ്രത്യേക എക്സിബിഷൻ മേജർ ജനറൽ സലേം അൽ ഷംസി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ട്രാഫിക്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ, കാര്യപരിപാടികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രദർശനം 2023 മാർച്ച് 12 വരെ തുടരും, ഇതിന്റെ ഭാഗമായി ദിനം തോറും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
WAM