2023 മാർച്ച് 19, ഞായറാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മാർച്ച് 17-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2023 മാർച്ച് 19, ഞായറാഴ്ച മുതൽ മാർച്ച് 23 വ്യാഴാഴ്ച വരെ ഒമാനിൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. ഇത് മൂലം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഞായറാഴ്ച വൈകീട്ട് മുതൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ മേഖലകളിൽ മണിക്കൂറിൽ 28 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമാന്റെ ഒട്ടുമിക്ക തീരദേശമേഖലകളിലും കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും, രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.