ദുബായ്: പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് പോലീസ്

GCC News

എമിറേറ്റിലെ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകരുതെന്നും ദുബായ് പോലീസ് നിർദ്ദേശം നൽകി. 2023 ഏപ്രിൽ 11-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി, റമദാനിലെ അവസാന പത്ത് നാളുകളിൽ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർ പള്ളി പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരത്തിൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ ട്രാഫിക് വകുപ്പ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ ആഹ്വാനം ചെയ്തിട്ടുണ്ട്. പള്ളികളുടെ പരിസരങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗത തടസങ്ങൾക്കിടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർപ്പിടമേഖലകളിലും, പ്രധാന റോഡുകൾക്ക് അരികിലുമായാണ് പള്ളികൾ പ്രധാനമായും സ്ഥിതിചെയ്യുന്നത് എന്നതിനാൽ അലക്ഷ്യമായ പാർക്കിംഗ് ശീലങ്ങൾ റോഡ് ഉപയോഗിക്കുന്ന മറ്റു വ്യക്തികൾക്ക് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി പോലീസ് പട്രോളിംഗ് ഊർജ്ജിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.